Sunday, July 14, 2013

CHAYAM CHALICHA SANDHYA

ചായം ചാലിച്ച സന്ധ്യ നീലാകാശത്തിൽ നക്ഷത്രങ്ങൾ കണ്ണ് ചിമ്മുന്നു. പാർക്കിലെ അരണ്ട വെളിച്ചം അവിടവിടെയായി കാണാം. കുളിർമ പകരുന്ന ഇളം കാറ്റു തഴുകി കിഴക്കോട്ടു പോകുമ്പോൾ കണ്ണുകളിൽ നിദ്ര പതിയെ തലോടുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അശോക്‌ ഞാനിരുന്ന സിമന്റ്‌ ബെഞ്ചിനടുത്തേക്ക് വരുന്നത് കണ്ടത്. “ദിലീപ്...താൻ തൻറെ വീട്ടുകാരെപ്പറ്റി പറയാമെന്നു പറഞ്ഞിട്ട് പറയാത്തത് എന്താണ്? ഇന്നു പറഞ്ഞേ പറ്റൂ.” അവനിൽ നിന്ന് ഒളിച്ചോടുന്നത് വൃഥാവിലാകുമെന്നു അറിയാം. എത്രനാൾ മറച്ചുവെക്കും? അന്യ നാട്ടിൽ എനിക്ക് കിട്ടിയ ഒരേയൊരു സ്നേഹിതൻ അശോകാണ്. വരുന്നതു വരട്ടെ, പറയാൻ തന്നെ തീരുമാനിച്ചു… നാലു വർഷങ്ങൾക്കു മുമ്പ് ഒരു സന്ധ്യാസമയം. പോക്കുവെയിൽ മരങ്ങളെ തഴുകി അകലെ വയൽപ്പരപ്പിൽ എത്തുമ്പോൾ സ്വർണ്ണക്കസവുള്ള ഇളം നീലപ്പാവാട ധരിച്ച ഒരു പെണ്‍കുട്ടി വീട്ടിനെതിർവശത്തുള്ള അരളിപ്പൂക്കളുടെ മറവിൽ നിന്നിരുന്നു. ഞാൻ ഡിഗ്രി കോഴ്സിന് ചേർന്ന സമയമായിരുന്നു, നഗരത്തിലെ പ്രശസ്ത കോളേജിൽ. വീണ്ടും നോക്കി! സ്വർണ്ണക്കസവുള്ള ഇളം നീലപ്പാവാട ധരിച്ച പെണ്‍കുട്ടി, മുഖം അരളിപ്പൂക്കകൾ കൊണ്ട് മറച്ചിരുന്നു. കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ പറഞ്ഞു; “നിൻറെ കൂടെ പ്രീഡിഗ്രിക്ക് പഠിച്ച പെണ്കുട്ടിയാണെന്നാണ് പറഞ്ഞത്.കസ്തൂരിയെന്നാണത്രേ പേര്. അവളും അമ്മയും അച്ഛനുമാണ് എതിർവശത്തെ വീട്ടിൽ താമസം തുടങ്ങിയിരിക്കുന്നത്.” അടുത്തവീട് ഇതുവരെ അടഞ്ഞുകിടന്നു. അവിടെ ആരെങ്കിലും താമസിക്കാൻ വരുന്നത് എനിക്കും അമ്മയ്ക്കും സന്തോഷമുള്ള കാര്യമാണ്‌. ഞാൻ കോളേജിൽ പോകുമ്പോൾ തനിയേ വീട്ടിലിരിക്കുന്ന അമ്മക്കൊരു കൂട്ടുമായി. കസ്തുരി ...... കറുത്ത് തിളങ്ങുന്ന മിഴികളും, കേര വൃക്ഷങ്ങൾ തഴച്ചുവളർന്ന പോലുള്ള കർകൂന്തലും ചുവപ്പ് കലർന്ന വെളുപ്പ്‌ നിറവുമുള്ള മെലിഞ്ഞ പെണ്‍കുട്ടിയെ എനിക്കോർമവന്നു. കോളേജിൽ വെച്ച് കൂടുതൽ കളിയാക്കിയാൽ പെട്ടെന്ന് കരയുന്ന തോട്ടാവാടിയായ പാവാടക്കാരി. രാവിലെ ഉറക്കമുണര്ന്നു കണികണ്ടത് കസ്തൂരിയെയായിരുന്നു. എതിർവശത്തെ ബാല്കണിയിൽ ചിരിച്ച മുഖവുമായി നില്ക്കുന്നു, എന്നെകണ്ടതോടെ വീട്ടിലേയ്ക്ക് ഓടി വരികയായിരുന്നു. “എന്റെ പേര് കസ്തുരി...ഞാൻ നിങ്ങളുടെ അയല്ക്കാരിയാണ്‌.” ഉടനേ ഞാൻ കൈകൂപ്പി.അവൾ തൊട്ടാവാടിയാണെങ്കിലും മഹാകുസൃതിയാണ്. പലതും പറഞ്ഞ് എന്നെയും അമ്മയെയും ചിരിപ്പിച്ചു. അതൊരു തുടക്കമായിരുന്നു. ഒരു ഓണക്കാലത്ത് അവരുടെയും ഞങ്ങളുടെയും വീട്ടുമുറ്റത്ത്‌ പൂക്കളങ്ങൾ ഉണ്ടാക്കി. എന്റെ വീട്ടിൽ നിറയെ പൂക്കളുണ്ടായിരുന്നു. അവൾ രാവിലെ പൂവ് പറിക്കാൻ എത്തി. എത്താത്ത കൊമ്പിൽ ഞാൻ കയറി പൂവ് പറിച്ചുകൊടുക്കുമ്പോൾ അറിഞ്ഞുകൊണ്ട് അറിയാത്ത ഭാവത്തിൽ വിരലുകളിൽ സ്പർശിക്കും. ആ സ്പർശനത്തിൽ ഉയിർക്കൊണ്ട രോമാഞ്ചത്തെ താലോലിച്ചുകൊണ്ട്‌ അടുത്ത ദിവസത്തേക്കായി ഞാൻ കാത്തിരിക്കും! അവൾക്ക് റോസാപ്പൂക്കൾ ഇഷ്ടമായിരുന്നു. ഞാൻ റോസാപ്പൂക്കൾ എവിടെക്കണ്ടാലും പറിച്ചുകൊടുക്കാൻ മറന്നിരുന്നില്ല. സ്വർണ്ണക്കസവുള്ള ഇളം നീലപ്പാവാട ധരിച്ച പെണ്‍കുട്ടി എൻറെ മനസ്സിൽ ഒരായിരം സ്വപ്‌നങ്ങൾ നെയ്തുകൂട്ടി. പിന്നെ എൻറെ ജീവിതമേ അവളായിരുന്നു. അവൾക്കുവേണ്ടി ഞാൻ ജീവിച്ചു എന്ന് പറയുകയാവും ശരി. ഒരു ദിവസം സന്ധ്യാ സമയത്ത് നഗരത്തിൽ നിന്നും മടങ്ങി ഇളം ചാറ്റൽ മഴയിൽ മുങ്ങി ഞാൻ വീട്ടിൽ വന്നുകയറി. അമ്മ അപ്പോഴാണ് പറഞ്ഞത് "മോനേ, ഇന്നു കസ്തൂരിയെ പെണ്ണുകാണാൻ വന്നിരുന്നു, അയാൾക്ക് പെണ്ണിനെ നന്നായിപിടിച്ചു, നല്ല പയ്യൻ, ഒരു പക്ഷേ ഈ വിവാഹം ഉടനെ നടന്നേക്കാം." കുടിച്ചുകൊണ്ടിരുന്ന കാപ്പി ബാക്കി വെച്ചുകൊണ്ടെഴുന്നേല്ക്കുമ്പോൾ അമ്മ കാരണം തിരക്കി, സുഖമില്ലെന്ന് പറഞ്ഞു രക്ഷപ്പെട്ടപ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു. കസ്തുരിയെ നഷ്ടപ്പെടുമോ എന്ന തോന്നൽ അസഹ്യമായി. രാത്രിയിൽ ഉറങ്ങാൻ സാധിച്ചില്ല. ആകെ ഒരു ഉൽസാഹക്കുറവ്. അന്ന് എത്രനേരം തലയിണയിൽ മുഖമമർത്തി കരഞ്ഞുവെന്ന് അറിയില്ല. വീട് എനിക്ക് ജയിലറപോലെ അനുഭവപ്പെട്ടു! എങ്ങനെയും രക്ഷപ്പെടണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് പുലർച്ചെ എന്റെ സ്നേഹനിധിയായ അമ്മയെ വിട്ട്, ആരും കാണാതെ ട്രെയിനിൽ നാട് വിട്ടു. ചെന്നൈ,കർണാടക,ആന്ധ്ര,ഡൽഹി എന്നിവിടങ്ങളിൽ ലക്ഷ്യമില്ലാതെ ചുറ്റിത്തിരിഞ്ഞു. അന്നാണ് വിശപ്പിന്റെ വിളി ആദ്യമായി അറിയുന്നത്. ദിവസവും വിശപ്പ്‌ അകറ്റാൻവേണ്ടി ഏതെങ്കിലും ഹോട്ടലിനുമുൻപിൽ എച്ചിൽ ഇലകൾക്ക് പിടിവലികൂടുന്ന തെണ്ടിപ്പിള്ളേരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു!! അന്നൊക്കെ ഞാനൊരു ഭ്രാന്തനെപ്പോലെ മുടി നീട്ടിവളർത്തി, ഒട്ടിയ കവിൾത്തടങ്ങൾ, കുണ്ടിലാണ്ട കണ്ണുകൾ, മുഷിഞ്ഞ വേഷം, ആകെ ഒരു പ്രാകൃതനെപ്പോലെയായിരുന്നു. വിഷു ദിവസം പല വീടുകളിൽ നിന്നും വയർ നിറച്ചിരുന്നു. എന്നാലും ഇപ്പോഴും സ്വർണ്ണക്കസവുള്ള ഇളം നീലപ്പാവാട ധരിച്ച പെണ്‍കുട്ടി എന്റെ മുമ്പിൽ ഓടി എത്തുമായിരുന്നു. ഉറങ്ങീട്ടു കുറേ നളുകളായി. കണ്പോളകളിൽ നിദ്ര തഴുകിയപ്പോൾ പാർക്കിലെ സിമന്റ്‌ ബെഞ്ചിൽ മലർന്നു കിടക്കവേ ഒരു വൃദ്ധൻ എന്റെയരികിൽ വന്നു പറഞ്ഞു: "കുട്ടി ഇത്ര ചെറുപ്പത്തിലേ തെണ്ടി ശീലിക്കയാണോ? ഇതു മോശമാ. ഒരു ജോലി ചെയ്തു ജീവിച്ചുകൂടേ?” ഇതു പലപ്പോഴും ഞാൻ എന്നോട്തന്നെ ചോദിച്ചിട്ടുള്ള, ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ ഒന്നായി മാത്രമേ കണ്ടിരുന്നുള്ളു. എന്ത് ജോലിയാ ചെയ്യുക? "നിങ്ങൾ എനിക്കൊരു ജോലി തരാമോ?" കുറച്ചു ദിവസങ്ങൾക്കു ശേഷം ആ വൃദ്ധൻ ഒരു ജോലിയുമായി എന്നെ തേടിയെത്തി. കുറഞ്ഞ ജോലിയാണെങ്കിലും എനിക്ക് നിധി കിട്ടിയതുപോലെയായി. ഒരു ഹോട്ടലിൽ രാത്രി 9 മണിക്കു ശേഷമാണ് ജോലി, അവിടെ മുഴുവൻ തുടച്ചു വൃത്തിയാക്കുക. എല്ലാം കഴിയുമ്പോൾ കിഴക്കേമാനത്ത് സൂര്യൻ ഉയര്ത്തെഴുന്നേറ്റിരിക്കും. എന്നാലും എനിക്ക് ഒരു വിഷമവും അനുഭവപ്പെട്ടില്ല. ആ മനുഷ്യനോട് ബഹുമാനമാണ് തോന്നിയത്. ഒരുദിവസം ഞാൻ കുളിച്ചു ക്ഷേത്രത്തിൽപ്പോയി എല്ലാ ദേവന്മാരെയും കണ്ടു തൊഴുതിട്ട് പാർക്കിലേക്ക് പോയി. അപ്പോൾ ഞാൻ കണ്ട, എന്റെ എതിരെയുള്ള ബെഞ്ചിലിരിക്കുന്ന വിഷാദമൂകയായ പെണ്കുട്ടി എന്നെ അത്ഭുതപ്പെടുത്തി. എവിടെയോ കണ്ടു മറന്ന മുഖം! കൂടുതൽ നേരം ചിന്തിക്കേണ്ടി വന്നില്ല!! "സ്വർണ്ണക്കസവുള്ള ഇളം നീലപ്പാവാട ധരിച്ച പെണ്‍കുട്ടി"!!! അതേ, അത് അവൾതന്നെയായിരുന്നു. കസ്തുരി എന്നെത്തന്നെ നോക്കുകയായിരുന്നു. എന്നിൽ ഞാനറിയാതെ ഒരു പ്രതികാരാഗ്നി ഉടലെടുക്കുകയയിരുന്നു. "സ്വർണ്ണക്കസവുള്ള ഇളം നീലപ്പാവാട ധരിച്ച, എന്റെ ജീവിതം തകർത്ത പെണ്‍കുട്ടി". ഞാൻ അവളുടെ അടുത്തേക്ക് നടന്നു.... ഇവിടെ ഒറ്റയ്ക്ക് ഈ പാർക്കിൽ?? അവളെല്ലാം തുറന്നു പറഞ്ഞു. കസ്തുരിയുടെ ഭർത്താവിന് ഇവിടെ ഹെക്ടർ ഡേവിഡ്‌ കമ്പനിയിലായിരുന്നു ജോലി. ആറു മാസം മുമ്പ് ഒരു കാർ ആക്സിഡന്റിൽ മരിച്ചെന്നറിഞ്ഞപ്പോൾ എനിക്ക് സഹതാപം തോന്നിയെങ്കിലും മനസ്സിൽ സന്തോഷിക്കുകയായിരുന്നു. എന്റെ ജീവിതം തകർത്തതിനു ദൈവം കൊടുത്ത ശിക്ഷയായിരുന്നു ഇപ്പോൾ അവൾക്കു കിട്ടിയിരിക്കുന്നത്. ജോലി അയാളുടെതാണ് അവൾക്ക് കിട്ടിയത്. കമ്പനി ഫ്ലാറ്റിലാണ്‌ താമസിക്കുന്നത്. സമയം വളരെയേറെയായത്കൊണ്ട് പിറ്റേന്നു വൈകുന്നേരം പാർക്കിൽ എത്താമെന്നു പറഞ്ഞു. എന്നെ സ്വപ്‌നങ്ങൾ നല്കി ചതിച്ച "സ്വർണ്ണക്കസവുള്ള ഇളം നീലപ്പാവാട ധരിച്ച പെണ്‍കുട്ടി"....നിന്നെ ഞാൻ മറ്റൊരു ലോകത്തേക്ക്‌ യാത്രയാക്കും. ഞാൻ ആത്മഗതം ചെയ്തു. അന്ന് ഞാൻ വളരെ ഉത്സാഹത്തോടുകൂടി പാർക്കിലേക്കു വന്നു. "കസ്തുരി..." എന്നെയും പ്രതീക്ഷിച്ചിരിക്കുന്നതാണ് കണ്ടത്. കൂടുതൽ നേരം സംസാരിച്ചിരുന്നു. അവളുടെ അവസാന രാത്രിയായതുകൊണ്ട് ഞാൻ കൂടുതൽ സ്വാതന്ത്ര്യത്തോടെ പെരുമാറി. സമയം 9 മണി!! പാർക്കിൽനിന്ന് യുവമിഥുനങ്ങളും കുട്ടികളും സ്വന്തം ഭവനങ്ങളിലേക്ക്‌ തിരിച്ചുപോയിത്തുടങ്ങി. "ഇന്നു ഞാൻ കസ്തുരിയുടെ ഫ്ലാറ്റിലേക്ക്‌ വരികയാണ്..അവിടെ ഇന്നു തങ്ങിയിട്ടു നാളെ പോകാം. " അവൾ സമ്മതഭാവത്തിൽ തലയാട്ടിയതല്ലാതെ ഒന്നും പറഞ്ഞില്ല.. ഡിന്നർ കഴിക്കാൻ റെസ്റ്റോറന്റിൽ കയറി ഓർഡർ നൽകുമ്പോൾ അവൾക്കിഷ്ടമുള്ളത് വാങ്ങിക്കൊടുക്കാൻ ഞാൻ മറന്നില്ല. കാരണം യേശുക്രിസ്തുവിന്റെ തിരുവത്താഴം പോലെയായിരുന്നല്ലോ അത്. അവളുടെ ഫ്ലാറ്റിൽ എത്തിയപ്പോൾ എന്നിലെ പ്രതികാരം കൂടുതൽ കരുത്താർജ്ജിച്ചു. ബെഡിൽ കിടക്കെ എല്ലാം എങ്ങനെ അവസാനിപ്പിക്കാം എന്ന് ഞാൻ ആസൂത്രണം ചെയ്യുകയായിരുന്നു. "സമയം പന്ത്രണ്ടായിക്കാണും...ഒരു നിമിഷം അവളെ സമീപിച്ചു... എല്ലാം പെട്ടെന്നായിരുന്നു, കഴുത്തിലൂടെ സാരിയിട്ടു മുറുക്കുന്ന സമയം ഞാനോർത്തു. "സ്വർണ്ണക്കസവുള്ള ഇളം നീലപ്പാവാട ധരിച്ച രക്തയക്ഷി.” ഞാൻ തല ഉയർത്തി അശോകിനെ നോക്കി... "അശോക്‌ പറയൂ....ഞാൻ ചെയ്തത് തെറ്റാണോ? എന്റെ ജീവിതം തകർന്നു...അമ്മ പോയി...പറയൂ അശോക്‌..” അശോക്‌ എന്റെ മുഖത്ത് നോക്കിയതല്ലാതെ യാതൊന്നും സംസാരിച്ചില്ല.....